മാഹി: മഹാത്മാഗാന്ധി ഗവ.ആർട്‌സ് കോളേജിൽ വിദ്യാർത്ഥികളുമായി മുഖാമുഖത്തിനെത്തിയ പുതുച്ചേരി ലഫ്. ഗവർണർ ഡോ. കിരൺ ബേദിക്ക് നേരേ കാമ്പസിനകത്ത് വിദ്യാർത്ഥികളുടെ കരിങ്കൊടിയും ഗോബാക്ക് വിളിയും. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം.പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കറുത്ത ഷാളുകളും വസ്ത്രങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മൊബൈൽ ഫോണും ബാഗുകളും ഹാളിനകത്ത് അനുവദനീയമല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. കരിങ്കൊടികളുമായെത്തിയ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗവർണർ കാറിൽ നിന്നിറങ്ങിയ ഉടൻ ചില വിദ്യാർത്ഥികൾ ചാടി വീണ് കരിങ്കൊടി ഉയർത്തി ഗോബാക്ക്, ആസാദി മുദ്രാവാക്യം വിളിച്ചു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി. ഒരു എസ്.എഫ്.ഐ പ്രവർത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൗരത്വ നിയമ ഭേദഗതിക്കെതിരായ കറുത്ത ബാഡ്ജുകൾ വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്തു. വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാരോപിച്ചും അറസ്റ്റു ചെയ്തവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് കവാടത്തിൽ കുത്തിയിരുന്നു.
കോളേജിൽ കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു. കേരളത്തിൽ നിന്ന് സേനയും ബോംബ് സ്‌ക്വാഡും എത്തിയിരുന്നു.ഗവർണറുടെ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിച്ചിരുന്നു.