കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഫലപ്രഥമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെയും റവന്യൂ ഡിവിഷണൽ ഓഫീസിന്റെയും മലിനീകരണ നിയന്ത്രണ ബോർഡ് കാഞ്ഞങ്ങാട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വിവിധ കടകളിൽ നിന്നായി 160 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വിഭാഗത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സീമ, ബീന, മലിനീകരണ നിയന്ത്രണ ബോർഡ് ഓവർസീയർ മാജിദ, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ് എന്നിവർ നേതൃത്വം നൽകി.