കാസർകോട്: ലക്ഷങ്ങൾ ചിലവഴിച്ചു റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നത് പാതിവഴിയിൽ നിർത്തി. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നുതരിപ്പണമായി കിടന്നിരുന്ന കാസർകോട് കെ.പി.ആർ റാവു റോഡിൽ ഏറെ നാളത്തെ മുറവിളിക്കു ശേഷമാണ് കഴിഞ്ഞദിവസം നവീകരണ പ്രവൃത്തി തുടങ്ങിയത്.
41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമാണ് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ ഹെഡ് പോസ്റ്റോഫീസ് വരെയുള്ള 750 മീറ്റർ നവീകരണം നടത്തുന്നത്. പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്തെ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ കോൺക്രീറ്റ് നിർമ്മാണ ജോലി തടസമായതാണ് റോഡ് പ്രവൃത്തിയെ ബാധിച്ചത്. കെ.പി.ആർ റാവു റോഡിന്റെ നവീകരണം പാതിവഴിയിൽ നിർത്തിവെച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
ജനുവരി 6 നാണ് നവീകരണത്തിനായി റോഡ് അടച്ചിട്ടത്. 10 ദിവസത്തേക്ക് റോഡ് അടക്കുന്നുവെന്നായിരുന്നു അറിയിച്ചിരുന്നത്. അന്നുതന്നെ ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികൾ ആരംഭിച്ചിരുന്നു. തുടർന്ന് മെക്കാഡം ടാറിംഗിനായി റോഡിൽ ജില്ലികൾ വിരിച്ച് നിരപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരാഴ്ചയായി തുടർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നില്ല.
ഇതുവഴിയുള്ള വാഹന ഗതാഗതം പണി തീരും വരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ പണി നിർത്തിവെച്ചതിനാൽ ചെറുവാഹനങ്ങൾ ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്.
എം.ജി റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തിയാണ് കെ.പി.ആർ റാവു റോഡിന്റെ നവീകരണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാരൻ പറയുന്നു.
വ്യാപാരികൾ ദുരിതത്തിൽ
റോഡ് പണി നീളുന്നതിനാൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. വാഹന ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാൽ ഈ ഭാഗത്ത് കച്ചവടവും കുറഞ്ഞിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. പണി നടക്കാത്തതിനാൽ ബൈക്കുകളും മറ്റും കടന്നു പോകുമ്പോൾ ജില്ലികൾ ഇളകുകയും പൊടി ഉയരുകയും ചെയ്യുന്നു. സമീപത്തു കൂടി നടന്നു പോകുന്നവരുടെ ദേഹത്ത് കല്ലുകൾ തെറിച്ചു വീഴുന്നതും പതിവായിരിക്കുകയാണ്.
നിർത്തിവെച്ച കെ പി ആർ റാവു റോഡ് മെക്കാഡം ടാറിംഗ് പണി ഉടൻ പുനരാരംഭിക്കും. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നിലെ ഡ്രൈനേജ് പൂർത്തിയാകാത്തതിനാലാണ് റോഡ് പണി താൽക്കാലികമായി തടസ്സപ്പെട്ടത്. തിങ്കളാഴ്ച ആ പണി പൂർത്തിയാകും എന്നാണ് പറഞ്ഞത്. അതിനുശേഷം നവീകരണ ജോലികൾ പുനരാരംഭിക്കാൻ കഴിയും.
ടി.ആർ. ശ്രീലത
വാർഡ് കൗൺസിലർ