കണ്ണൂർ: പോളിയോ രോഗാണു സംക്രമണം തടയുന്നതിനുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അഞ്ച് വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളി മരുന്ന് നൽകി രോഗാണു സംക്രമണം തടയുകയാണ് ലക്ഷ്യം.
നേരത്തേ പോളിയോ തുള്ളിമരുന്ന് നൽകിയ കുട്ടികൾക്കും മരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ നാരായണ നായ്‌ക് അറിയിച്ചു. പോളിയോ വാക്‌സിന് പാർശ്വഫലങ്ങളൊന്നുമില്ല. ദേശീയ പൾസ് പോളിയോ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ നവജാത ശിശുക്കൾക്കും പൾസ് പോളിയോ വാക്‌സിൻ നൽകണം.
ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,86,795 കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ 1416 കുട്ടികൾക്കും തുള്ളിമരുന്ന് വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ജില്ലയിൽ സർക്കാർസ്വകാര്യ ആശുപത്രികൾ, സിഎച്ച്‌സികൾ, പിഎച്ച്‌സികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 1901 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. എയർപോർട്ട്, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 54 ട്രാൻസിറ്റ് ബൂത്തുകളും 112 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് തുള്ളിമരുന്ന് നൽകുക.
വാർത്താ സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പി എം ജ്യോതി, ഐഎപി കണ്ണൂർ സെക്രട്ടറി ഡോ. മുഹമ്മദ് ഇർഷാദ്, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എൻ അജയ് എന്നിവർ പങ്കെടുത്തു.