കണ്ണൂർ :സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർമാർക്കും നഗരസഭകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുമായി നടത്തിയ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരോധനം ഏർപ്പെടുത്തിയ വസ്തുക്കളിൽ വിപണിയിൽ ബദൽ ലഭ്യമായവയുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ച് പരിശോധന നടത്താനും ബദൽ ലഭ്യമല്ലാത്ത ഉൽപന്നങ്ങളിൽ സാവകാശം നൽകാനും അദ്ദേഹം നിർദേശം നൽകി.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ കെ സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി എം രാജീവ് ക്ലാസെടുത്തു. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ ആർ അജയകുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ എം അനിത എന്നിവർ പ്രസംഗിച്ചു.