കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 ലെ വോട്ടർ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമവുമാണെന്ന് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരുടെ യോഗം ആരോപിച്ചു.

കഴിഞ്ഞ 5 വർഷത്തിനിടയിൽ 2016ൽ നിയമസഭാ തിരഞ്ഞെടുപ്പും 2019 ൽ പാർലമെന്റ് തിരഞ്ഞെടുപ്പും നടന്നിട്ടുണ്ട്. ഇക്കാലയളവിൽ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് തിരിച്ചറിയൽ കാർഡ് ലഭ്യമായിട്ടുണ്ട്. പ്രസ്തുത ലിസ്റ്റ് പരിഗണിക്കാതെ 2015ലെ വോട്ടർ ലിസ്റ്റ് വെച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തട്ടിപ്പാണെന്നു യോഗം വിലയിരുത്തി. ആക്ടിംഗ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി. ഹമീദലി, എ.ജി.സി. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.