30ന് മാർച്ചും ധർണയും
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ 30ന് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരജ്വാലയുമായി എത്തും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും.
2019 ഫെബ്രുവരിയിൽ അമ്മമാരും കുട്ടികളും നടത്തിയ അനിശ്ചിതകാല പട്ടിണിസമരത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലുണ്ടായ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കണമെന്നാണ് ആവശ്യം. മന്ത്രി ഇ. ചന്ദ്രശേഖരൻ ചെയർമാനായ കാസർകോട്ടെ എൻഡോസൾഫാൻ സെല്ലിന്റെ പ്രവർത്തനം പോലും നാമമാത്രമായെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു. അർഹമായ ധനസഹായം കിട്ടാതെയും ഒട്ടേറെപ്പേരുണ്ട്.
പാലിക്കാൻ പലത്
1) 6722 ദുരിത ബാധിതരിൽ 1132 പേർക്ക് ഇപ്പോഴും ഒരു അനുകൂല്യവുമില്ല. സുപ്രീംകോടതി വിധി അനുസരിച്ചു മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും ഇനിയും കിട്ടാതെ 4000 പേർ.1350 പേർക്ക് രണ്ടുലക്ഷം രൂപയും കിട്ടാനുണ്ട്
2) രോഗം പിടിപെട്ട കുട്ടികളെ പരിപാലിക്കുന്നവർക്കുള്ള 700 രൂപ പ്രതിമാസ വേതനം നിറുത്തി. ദുരിതബാധിതർക്ക് നാല് മാസമായി പെൻഷനില്ല. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്‌ദ്ധ ചികിത്സാ സംവിധാനം ഇനിയുമായില്ല
3) 100 കുടുംബങ്ങളെ പാർപ്പിക്കുന്ന പുനരധിവാസ കേന്ദ്രത്തിനു പകരം 100 കുട്ടികളെ മാത്രം പാർപ്പിക്കുന്ന കേന്ദ്രം പണിയാൻ നീക്കം. ഇത് അപ്രായോഗികമെന്ന് ദുരിതബാധിതർ
4) പ്ളാന്റേഷൻ കോർപറേഷൻ മുൻ ചെയർമാൻ വർഗീസ് ജോർജ് വാഗ്ദാനം ചെയ്ത 125 ഏക്കർ സ്ഥലം ഏറ്റെടുത്ത് പുനരധിവാസ കേന്ദ്രം സ്ഥാപിക്കണം. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണം
5) നഷ്ടപരിഹാരം നിശ്ചയിക്കാനും കേസുകൾ നടത്താനും ട്രൈബ്യൂണൽ സ്ഥാപിക്കണം. കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ ഉടൻ നിർവീര്യമാക്കണം