കണ്ണൂർ: നഗരത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. താഴെചൊവ്വ കിഴുത്തള്ളി സ്വദേശി പി. എസ്.ജിതിനെ (29)യാണ് കോടതി റിമാൻഡ് ചെയ്തത്. കണ്ണൂർ ഡിവൈ.എസ്. പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയിലാണ് നാല്പതുകാരിയായ വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ചെയ്തതിനു കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കണ്ണൂർ ഡിവൈ.. എസ്..പി സദാനന്ദന്റെ മേൽനോട്ടത്തിൽ ടൗൺ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുകയായിരുന്നു. തികച്ചും ശാസ്ത്രീയമായി നടത്തിയ അന്വേഷണവും മുഴുവൻ തെളിവുകളും ശേഖരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർ സെൽ ടീം കൺട്രോളർ ശ്രീജിത്ത് നൽകുന്ന ഡാറ്റ സോഴ്സ് റിപ്പോർട്ടുകൾ അന്വേഷണ സംഘം വിലയിരുത്തിയാണ് പ്രതിയിലേക്ക് എത്തിയത്. മുഴുവൻ തെളിവുകളും പ്രതി നശിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടമ്മയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോൾ സമീപത്തു നിന്നും ലഭിച്ച പേപ്പറിൽ കണ്ടെത്തിയ വാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പേപ്പറിൽ പിങ്കിപിങ്കു എന്ന് എഴുതിയിരുന്നു. അതിൽ ഒരു ഗുണന ചിഹ്നവും ഇട്ടിരുന്നു. രണ്ട് വാക്കുകൾ ഓൺലൈൻ ഗെയിമിനോട് സാമ്യമുള്ളതിനാൽ വിവിധ ഓൺലൈൻ ഗെയിം പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഇതു ജിതിൻ വീട്ടമ്മയുമായി ചാറ്റിംഗ് നടത്തുന്ന വ്യാജ ഐഡിയാണെന്ന് കണ്ടെത്തുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ സ്റ്റേഷനുകളിൽ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ശല്യ ചെയ്ത കേസുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. ഇത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും പ്രത്യേകിച്ച് സ്ഥിരം നൈറ്റ് ഡ്യൂട്ടി ചെയ്തുവരുന്ന ആളുകളുടെ സ്വഭാവങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.