കണ്ണൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന 28 ദിവസം നീണ്ടുനില്ക്കുന്ന സഹനസമര പദയാത്ര 28ന് ആരംഭിക്കും. മാഹി പാലത്തിന് സമീപം 28ന് രാവിലെ 9.30ന് സഹനസമര പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി..സി..സി പ്രസിഡന്റ് സതീശൻ പാച്ചേനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.. 28 മുതൽ ഫെബ്രവരി 24 വരെയാണ് പദയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. സഹനസമര പദയാത്രയുടെ കോഓർഡിനേറ്ററായി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രനെയും സഹ കോഓർഡിനേറ്റർമാരായി കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ. മാർട്ടിൻ ജോർജിനേയും ചന്ദ്രൻ തില്ലങ്കേരിയെയും നിയമിച്ചു. ജോയിന്റ് കോഓർഡിനേറ്റർമാരായി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂരും എം.പി വേലായുധനും ചുമതല നിർവഹിക്കും. കെ. സുരേന്ദ്രൻ, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു..