കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നടത്തുന്ന ലോംഗ് മാർച്ചിന്റെ പ്രചരണാർത്ഥം കാഞ്ഞങ്ങാട്ട് സ്ഥാപിച്ച ഫ്ലക്‌സുകൾ നഗരസഭ ജീവനക്കാർ കൂട്ടത്തോടെ എടുത്തു മാറ്റി. 21 ന് കാസർകോട്ട് നിന്നും ആരംഭിച്ച് 23 ന് ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിലാണ് മാർച്ച് സമാപിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയത്തിനതീതമായ പ്രതിഷേധം നടന്നു വരുന്നതിനിടയിലാണ് ഇതേ ആവശ്യം മുൻ നിർത്തി എം.പി നടത്തുന്ന മാർച്ചിന്റെ പ്രചാരണ സാമഗ്രികൾ എടുത്തു മാറ്റിയിരിക്കുന്നത്. തദ്ദേശ ഭരണസ്ഥാപനത്തിന്റെ അനുമതിയില്ലാതെ പൊതുമുതലുകളിൽ പ്രചാരണ സാമഗ്രികൾ പതിക്കുന്നത് തികച്ചും കുറ്റകരമാണെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം
ഫ്ലക്‌സ് എടുത്തു മാറ്റിയത് നിലവിലുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. നടപടി എടുത്തില്ലെങ്കിൽ നഗരസഭ സെക്രട്ടറി കോർട്ട് അലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരും അത് സെക്രട്ടറിയുടെ സസ്‌പെൻഷനിൽ വരെ കലാശിച്ചേക്കാം. ഇത് മുൻകൂട്ടി കണ്ടാണ് ഫ്ലക്‌സ് മാറ്റിയത്.
നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്
ഫ്ലക്‌സ് മാറ്റണമെന്നാവശ്യപ്പെട്ട് എം.പിക്ക് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. ഇതിന് ഒരു വിലയും എം.പി കൽപിച്ചില്ല.
നഗരസഭ ചെയർമാൻ വി.വി രമേശൻ
ഫ്ലക്‌സ് നീക്കിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കുന്നതിനെതിരെയാണ് വിധിയെന്നു പറയുന്നു. എന്നാൽ കാസർകോട് ഉൾപ്പെടെ ഒരു തദ്ദേശ സ്ഥാപനവും എം.പിയുടെ ഫ്ലക്‌സ് നീക്കിയിട്ടില്ല. കാഞ്ഞങ്ങാടിനു മാത്രമായി ഒരു വിധിയുണ്ടോ.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
കാഞ്ഞങ്ങാട് ഡിവൈഡറിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നഗരസഭാധികൃതർ നീക്കംചെയ്യുന്നു