കാഞ്ഞങ്ങാട്: ചാണക വളത്തിനെ സർക്കാർ സബ്‌സിഡിയിൽ ഉൾപ്പെടുത്തണമെന്ന് കിസാൻ സഭ അജാനൂർ പഞ്ചായത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ പഞ്ചായത്ത് വഴി സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന വളത്തിന് ഗുണനിലവാരം കുറവാണെന്ന പരാതി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ സെക്രട്ടറി ബങ്കളം പി. കുഞ്ഞികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. കണ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ബാലകൃഷ്ണൻ നമ്പ്യാർ (പ്രസിഡന്റ്), ടി. ലോഹിതാക്ഷൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.