കാസർകോട്: വർഗീയ ധ്രുവീകരണത്തിനും ബഹിഷ്കരണത്തിനുമുള്ള സാമൂഹ്യ വിരുദ്ധമായ നീക്കങ്ങൾ തടയാൻ ജില്ലാ ഭരണകൂടവും ജില്ലാ പൊലീസും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് കളക്ടറേറ്റിൽ നടന്ന സർവ്വകക്ഷി, മത നേതാക്കളുടെ യോഗം തീരുമാനിച്ചു.
ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല, എന്നാൽ മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ശക്തമായി നേരിടുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലയുടെ വളർച്ചയ്ക്ക് തടസമുണ്ടാക്കുന്ന പ്രവണതകൾ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതും ബഹിഷ്കരണം നടത്തുന്നതും അംഗീകരിക്കാനാവില്ല. നാട്ടിൽ സമാധാനവും സ്വൈരജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിൽ നിലനിൽക്കുന്ന സമാധാനന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന് കെ. കുഞ്ഞിരാമൻ എന്നിവർ പറഞ്ഞു. വാട്സ് അപ് സന്ദേശങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.