മട്ടന്നൂർ: തൃക്കടാരിപ്പൊയിൽ -പേരാവൂർ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കാൻ പദ്ധതിയൊരുങ്ങി. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, അഡ്വ.സണ്ണി ജോസഫ് എന്നിവർ ഇടപെട്ടാണ് നബാർഡ് പദ്ധതിയിൽ 10 കോടി രൂപ ചിലവിൽ നവീകരിക്കുന്നത്.

മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നു പോകുന്ന 11 കിലോമീറ്റർ റോഡിൽ

അഞ്ചര മീറ്റർ വീതിയിലാണ് മെക്കാഡം ടാറിംഗ് നടത്തുന്നത്. 24 മീറ്റർ വീതിയിൽ മാനന്തവാടി -മട്ടന്നൂർ വിമാനത്താവളത്തിന്റെ നാലു വരിപ്പാത വരുന്നതിനാൽ നിലവിലുള്ള റോഡിൽ ചുരുക്കം സ്ഥലത്ത് മാത്രമെ ഓവുചാലുകൾ നിർമ്മിക്കുന്നുള്ളു. തൃക്കടാരിപ്പൊയിലിനടുത്ത പുഴാരി തോടിന് പുതുതായി പാലം നിർമ്മിക്കും.വേരുമടക്കിയിൽ റോഡിൽ കുഴി കണ്ട പാലമുൾപ്പെടെ ഏതാനും സ്ഥലങ്ങളിൽ ചെറു പാലങ്ങൾ പണിയും.

ഉത്തരമേഖലാ സുപ്രണ്ടിംഗ് എൻജിനീയർ (കോഴിക്കോട്) ഈ റോഡിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി അംഗീകാരത്തിനായി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടൻ റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കൂത്തുപറമ്പ് റോഡ് സെക്ഷൻ എൻജിനീയർ പി.പി.സജീവൻ പറഞ്ഞു.

പേരാവൂർ നിന്ന് എളുപ്പത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലേക്ക് എത്തിപ്പെടാനുള്ള റോഡാണിത്.

തൃക്കടാരിപ്പൊയിൽ നിന്ന് മാലൂർ - ശിവപുരം -മട്ടന്നൂർ വരെ മെക്കാഡം ടാറിംഗ് നടത്തിയെങ്കിലും തൃക്കടാരിപ്പൊയിൽ മുതൽ പേരാവൂർ വരെ റോഡ് നവീകരിക്കാത്തതിൽ ഏറെ പ്രതിഷേധമുണ്ടായിരുന്നു.