ഒരു ഫ്ളോട്ടിംഗ് ജെട്ടിക്ക് ചെലവായത് 80,000

കാസർകോട്: സംസ്ഥാന ടൂറിസം വകുപ്പ് പുഴകളിലും കായലുകളിലും തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന 'വാട്ടർ ഡ്രോം' (ജലവിമാനം) പദ്ധതി ഉപേക്ഷിച്ചതോടെ ലക്ഷങ്ങൾ ചിലവിട്ടു നിർമ്മിച്ച ഫ്ലോട്ടിംഗ് ജെട്ടികൾ വെറുതെയായി. രണ്ടുവർഷത്തോളമായി കായലുകളിലും പുഴകളിലും വെറുതെ കിടന്നിരുന്ന ഫ്ലോട്ടിംഗ് ജെട്ടികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഹൗസ് ബോട്ട് ഉടമകൾക്ക് ലേലം ചെയ്തു വിൽക്കുകയാണ്.

കുമരകം, ആലപ്പുഴ, നീലേശ്വരം കോട്ടപ്പുറം, ബേക്കൽ എന്നിവിടങ്ങളിൽ ആരംഭിക്കാനിരുന്ന 'വാട്ടർ ഡ്രോം' പദ്ധതിയാണ് മത്സ്യത്തൊഴിലാളികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ടൂറിസം വകുപ്പിന് ഉപേക്ഷിക്കേണ്ടി വന്നത്.

ടൂറിസം വകുപ്പ് കണ്ണൂരിൽ നിന്നാണ് കോട്ടപ്പുറത്തെക്കുള്ള ഫ്ലോട്ടിംഗ് ജെട്ടികൾ കൊണ്ടുവന്നത്. മംഗളൂരു വിമാനത്താവളത്തിൽ നിന്നും വരുന്ന 12 ആളുകൾ കയറുന്ന ചെറുവിമാനത്തിലെ ടൂറിസ്റ്റുകളെ ഇവിടെ ഇറക്കുകയായിരുന്നു ലക്ഷ്യം. വേലിയേറ്റവും വേലിയിറക്കവും ബാധിക്കാതെ വെള്ളത്തിൽ സഞ്ചരിക്കാൻ ഉപകാരപ്രദമായിരുന്നു ഫ്ലോട്ടിംഗ് ജെട്ടികൾ.

കുമരകത്താണ് മത്സ്യത്തൊഴിലാളികൾ വാട്ടർ ഡ്രോം പദ്ധതിക്കെതിരെ ആദ്യമായി രംഗത്തുവന്നത്. പുഴകളിലും കായലുകളിലും മീൻപിടുത്തം നടക്കില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതേതുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

അതേസമയം കണ്ണൂരിൽ വിമാനത്താവളം വരികയും പെരിയയിൽ ചെറു വിമാനത്താവളം ആരംഭിക്കാൻ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബേക്കലിലും കോട്ടപ്പുറത്തും ഈ പദ്ധതിയുടെ ആവശ്യമില്ലെന്നും ടൂറിസം വകുപ്പ് വിലയിരുത്തി.

ഫ്ലോട്ടിംഗ് ജെട്ടികൾ

ചെറു വിമാനങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളെ വെള്ളത്തിനു മുകളിൽ ഇറക്കി കരകളിലേക്ക് എത്തിക്കുന്നതിനാണ് ഫ്ലോട്ടിംഗ് ജെട്ടികൾ നിർമ്മിച്ചത്. എൺപതിനായിരം രൂപ ചെലവിലാണ് ഓരോ ഫ്ലോട്ടിംഗ് ജെട്ടികളും നിർമ്മിച്ചത്.

@ രാജ്യത്ത് നിലവിൽ മഹാരാഷ്ട്രയിൽ മാത്രമാണ് ഈ പദ്ധതി ഉള്ളത്. ഇവിടെ പദ്ധതി നിർത്തിയതിനാൽ കുറെ കാലമായി വെള്ളത്തിൽ കിടന്ന ഫ്ലോട്ടിംഗ് ജെട്ടികൾ അടുത്ത ദിവസമാണ് ലേലം ചെയ്തു കൊടുത്തത്. ഡി ടി പി സിക്ക് വരുമാനം ആകുമല്ലോ എന്ന് കരുതി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് അങ്ങിനെ ചെയ്തത്.

ബിജു രാഘവൻ,

സെക്രട്ടറി, കാസർകോട് ഡി.ടി.പി.സി

കോട്ടപ്പുറം ബോട്ട് കടവിൽ വെറുതെ കിടന്നിരുന്ന ഫ്ലോട്ടിംഗ് ജെട്ടികൾ