തലശ്ശേരി: ജീവിത സായന്തനത്തിൽ കൈതാങ്ങാവേണ്ട മകന്റെ തിരോധാനം സംബന്ധിച്ച് വാസ്തവമറിയാനുള്ള ധർമ്മടം മേലൂരിലെ ചാലാടൻ സൗമിനിയുടെ കാത്തിരിപ്പിന് വയസ് പത്തുതികയുന്നു. മകൻ സജിലിനായി മാറിമാറിവന്ന അന്വേഷണ ഉദ്യോഗസ്ഥരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഈ അമ്മ ഇന്നും നീതിയ്ക്കായി കാത്തുകിടക്കുകയാണ്.

മേലൂരിലെ മൂർക്കോത്ത് ബാലൻ, ചാലാടൻ സൌമിനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് കൂലിവേലക്കാരനായിരുന്ന യുവാവ്. ഇരുപത്തിനാലുകാരനായ സജിലിനെ 2009 ഒക്ടോബർ 13 മുതലാണ് കാണാതായത്. ഉടൻ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും തലശ്ശേരിയിലേക്ക് പോയ സജിലിനെ പിന്നീടാരും കണ്ടില്ല.തൊട്ടടുത്ത ദിവസം മുതൽ പോലീസിന് മുന്നിൽ പരാതിയുമായി സൗമിനി എത്തിയിരുന്നു .പക്ഷെ കാര്യമായ ഒരു വിവരവും ലഭിച്ചില്ല.

അവിടിന്നിങ്ങോട്ട് പല മുഖ്യമന്ത്രിമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ടും പരാതി നൽകിയും അലഞ്ഞെങ്കിലും സജിലിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇടയ്ക്ക് ബംഗളൂരിൽ മകനെ കണ്ടതായി വിവരം ലഭിച്ച സൌമിനി ബന്ധുക്കളെയും കൂട്ടി ഇവർ തിരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണവും ഇപ്പോൾ നിലച്ച മട്ടാണ്. ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സജിൽ തിരോധാനക്കേസ് സി.ബി.ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇനി ആരെ സമീപിക്കണമെന്നറിയാതെ വിധിയെ പഴിച്ചിരിക്കുകയാണ് ഈ വൃദ്ധമാതാവ്.