നീലേശ്വരം: അപകടം പതിയിരിക്കുന്ന കയ്യൂർ അരയാക്കടവ് റോഡിൽ അപകടം കുറയ്ക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങി. നേരത്തെ സ്ഥലത്ത് അധികൃതർ ഒരു മുന്നറിയിപ്പ് ബോർഡ് മാത്രം വച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അരയാക്കടവ് കയ്യൂർ റോഡിൽ പാലത്തിന്റെ വടക്ക് ഭാഗം റോഡ് ഒരു ഭാഗം താണ് പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇവിടെ കാട് മൂടി കിടന്നിരുന്നതിനാൽ ഡ്രൈവർമാർക്ക് പൊട്ടിപ്പൊളിഞ്ഞ ഭാഗം കാണാൻ പറ്റാത്തതിനാൽ വാഹനങ്ങൾ താഴേക്ക് വീഴുന്നത് പതിവായിരുന്നു. അരയാക്കടവ് വളവ് മുതൽ പാലം വരെ റോഡിന്റെ മിക്കയിടങ്ങളിലും പൊട്ടിപൊളിഞ്ഞ് യാത്ര ദുസ്സഹമായിരുന്നു.
കഴിഞ്ഞദിവസമാണ് അധികൃതർ റോഡിലുള്ള അപകടം കുറയ്ക്കാനുള പണി തുടങ്ങിയത്. പാലം മുതൽ റോഡിന്റെ വളവു വരെ കാട് വെട്ടിത്തെളിച്ച് റോഡ് ഉയരം കൂട്ടാനുള്ള പണിയാണ് നടക്കുന്നത്. ഇതിനുള്ള സാധനങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.