കാഞ്ഞങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും വൻ അപകടം ഒഴിവായി. കോട്ടച്ചേരി സർക്കിളിൽ ഞായറാഴ്ച അഞ്ചു മണിയോടെയാണ് അപകടം. കാഞ്ഞങ്ങാടു ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. കാറ് ഇന്റിക്കേറ്റർ ഇട്ട് മാവുങ്കാൽ ഭാഗത്തേക്കു പോകുവാൻ വെട്ടിക്കുമ്പോൾ പിന്നിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കോടിച്ചിരുന്ന യുവാവ് 10 മീറ്ററോളം ദൂരം തെറിച്ചുവീണെങ്കിലും നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇതിനിടെ കാറിന്റെ മുന്നിലെ ടയർ പൊട്ടിത്തെറിക്കുകയും ചെയ്തു.

മനുഷ്യ മഹാശൃംഖല: എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് തുടക്കം

മഞ്ചേശ്വരം: മതം അടിസ്ഥാനമാക്കിയുള്ള പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് 26ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർഥമുള്ള ജില്ലാ വാഹന ജാഥ തുടങ്ങി. ഹൊസങ്കടിയിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജയറാം ബള്ളക്കൂടൽ അധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ്ചന്ദ്രന് പനി ബാധിച്ചതിനാൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പുവാണ് ജാഥ നയിക്കുന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉപലീഡറും ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് മാനേജറുമാണ്.

20, 21, 22,23 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ പടന്നയിൽ സമാപിക്കും. ഇന്നുരാവിലെ 9.30ന് പൈവളിഗെയിൽ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് 5.30ന് അഡൂരിൽ സമാപിക്കും.