child-labour-

കണ്ണൂർ: കുറഞ്ഞ വേതനത്തിന് അടിമപ്പണി ചെയ്യിക്കാൻ കേരളത്തിലേക്ക് കുട്ടിത്തൊഴിലാളികളെ നിർബാധം കടത്തുന്നു. കർണാടക​​-ആന്ധ്ര, ആന്ധ്ര- പശ്ചിമ ബംഗാൾ അതിർത്തി ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിത്യവൃത്തിയ്ക്ക് പോലും കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്ക് നിസാര തുക നൽകി ഏജന്റുമാരാണ് ഇവരെ കേരളത്തിലെത്തിക്കുന്നത്. ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗങ്ങളെ കബളിപ്പിക്കാൻ വ്യാജ ആധാർ കാർഡ് വരെ നിർമ്മിച്ചാണ് കുട്ടിക്കടത്ത്.

കാസർകോട് നായന്മാർമൂല പെരുമ്പള റോഡിലെ ഒരു ഹോട്ടലിൽ ജോലിയ്ക്ക് നിയോഗിച്ച ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കഴിഞ്ഞദിവസം ജില്ലാ ബാലവേല വിരുദ്ധ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. കുമ്പളയിൽ ഒരു ഉത്സവത്തിനിടെ നടന്ന റെയ്ഡിൽ സംശയാസ്പദമായി ഒരു കുട്ടിയെ പിടികൂടിയിരുന്നു. തുടർന്ന് ആധാർ കാർഡ് ഹാജരാക്കിയതിൽ ജനന വർഷം 2000 എന്ന് രേഖപ്പെടുത്തിയിരുന്നു. സംശയം തീർക്കാൻ കാർഡ് സ്കാൻ ചെയ്തപ്പോൾ ജനിച്ചത് 2005 ആണെന്ന് കണ്ടെത്തി. ഒറിജിനൽ ആധാർ കാർഡിൽ വയസ് തിരുത്തിയതാണെന്ന് ഇതോടെ തെളിഞ്ഞു.

ലേബർ ഡിപ്പാർട്ട്മെന്റ് അടക്കം നടത്തുന്ന കാമ്പയിനുകൾക്ക് പുല്ലുവില പോലും കൽപ്പിക്കുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. കാസർകോട്ടെ കേരള അതിർത്തി ഗ്രാമങ്ങളിലെ സമ്പന്നരായ ചില പ്രവാസി വീടുകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ജോലിക്ക് നിറുത്താറുണ്ടത്രേ. എന്നാൽ, ഇതേക്കുറിച്ച് പലപ്പോഴും പരാതികൾ ഉണ്ടാവാറില്ല. 'ശരണബാല്യം' പദ്ധതി പ്രകാരം കേരളത്തിൽ ബാലവേല തടയാൻ ഇടപെടൽ ഉണ്ടാകാറുണ്ടെങ്കിലും ഇതര സംസ്ഥാനത്തെ ജനം നിയമത്തെക്കുറിച്ച് അജ്ഞരാണ്. കൂടാതെ വീടുകളിലെ പട്ടിണിയും ഏജന്റുമാരുടെ വലയിൽ വീഴാൻ കാരണമാണ്. രക്ഷിതാക്കൾക്ക് വായ്പയായി തുക നല്കി ഏജന്റുമാർ കുട്ടികളെ നിർബന്ധിച്ച് കടത്തുന്ന പതിവുണ്ടെന്നും പറയുന്നു. ചില സ്ഥലങ്ങളിൽ കുട്ടികൾക്ക് വേതനമൊന്നും നല്കാതെ ഭക്ഷണവും താമസവും മാത്രം ഉറപ്പാക്കി ഏജന്റുമാർ പണം കൈക്കലാക്കുന്നു. നിയമ നടപടികളിലെ കാലതാമസവും പരിശോധനയുണ്ടാകില്ലെന്ന വിശ്വാസവുമാണ് കൂടുതൽ ഏജന്റുമാർ ഈ രംഗത്തേക്ക് എത്തുന്നത്.

നടപടികൾ മുറപോലെ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്‌ നടപ്പാക്കിയ 'ശരണബാല്യം' പദ്ധതിയിലൂടെ 2018 ജനുവരി മുതൽ 2019 ഏപ്രിൽ വരെ 1017 രക്ഷാദൗത്യം നടത്തി 142 കുട്ടികളെ മോചിപ്പിച്ചു. 17 തൊഴിലുടമകൾക്കെതിരെ കേസെടുത്തു. 2014 ഫെബ്രുവരി മുതൽ 2019 ഏപ്രിൽ വരെ ബാലാവകാശ സംരക്ഷണ കമ്മിഷനിൽ 54 പരാതിയെത്തി. 2017​-18ൽ സംസ്ഥാനത്ത് 114​ഉം 2018​-19ൽ 107ഉം രക്ഷാദൗത്യങ്ങൾ തൊഴിൽവകുപ്പ് നടത്തിയിട്ടുണ്ട്. 24 കുട്ടികളെയാണ് ബാലവേലയിൽ നിന്ന് മോചിപ്പിച്ചത്. ചൈൽഡ് ലൈൻ 2017​- 18ൽ 155, 2018-​ 19ൽ 140 ഇടപെടലുകൾ ന​ടത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് 509 ശതമാനം വർദ്ധനയാണ് ബാലവേലയിൽ ഉണ്ടായത്. അസം, ബിഹാർ, ഛത്തീസ്​ഗഢ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെല്ലാം പ്രശ്നം സങ്കീർണ്ണമാണ്.