കണ്ണൂർ: കാലാവസ്ഥ വ്യതിനായനത്തിന്റെ ഫലമായി പിടിമുറുക്കി പകർച്ചവ്യാധികളും. പത്ത് ദിവസത്തിനകം ജില്ലയിൽ 27 പേരാണ് ചിക്കൻപോക്‌സിന് ചികിത്സ തേടിയത്. കഴിഞ്ഞ ഡിസംബറിൽ 130 പേരും നവംബറിൽ 113 പേരും ചികിത്സ തേടിയിരുന്നു.

വേനൽകാലത്താണ് ചിക്കൻപോക്‌സ് വ്യാപകമാവുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ ചൂട് കൂടുകയാണെങ്കിൽ ഇത്തവണ രോഗസാധ്യതയും തള്ളികളയാൻ കഴിയില്ല. ആദ്യത്തെ അഞ്ചു മാസങ്ങളിലാണ് ഇത്തരം രോഗങ്ങൾ കണ്ടുവരുന്നത്.

പൊതുവെ തെറ്റിദ്ധാരണകൾ കൂടുതലുള്ള രോഗമായതിനാൽ പലരും ചികിത്സ തേടാൻ വൈകുന്നുവെന്നും അധികൃതർ പറയുന്നു. രോഗത്തിന്റെ പ്രാരംഭ ദശയിലാണ് മറ്റുളളവരിലേക്ക് പകരുന്നത്. കുട്ടികളിൽ വളരെ നിസാരമായി മാറിപ്പോകുന്ന ഈ അസുഖം മുതിർന്നവരിൽ വളരെ ഗൗരവതരമാകാനും മരണപ്പെടാനും സാധ്യതയുണ്ട്. ചിക്കൻപോക്‌സിനെതിരെയുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നുണ്ട്.

ജില്ലയിൽ ചികിത്സ തേടിയവർ

കഴിഞ്ഞ വർഷം 1902 പേരും 2018 ൽ 1733 പേരും ജില്ലയിൽ ചിക്കൻപോക്‌സ് ബാധിച്ചു ചികിത്സ തേടി. 2019ൽ ആദ്യത്തെ നാലു മാസത്തിനുള്ളിൽ ചിക്കൻപോക്‌സ് ബാധിച്ച് 830പേരാണ് ചികിത്സ തേടിയത്. ജനുവരിയിൽ 123, ഫെബ്രുവരി 272, മാർച്ച് 330 പേരാണ് ചികിത്സിച്ചത്. 2018 ജനുവരിയിൽ 183, ഫെബ്രുവരി 212, മാർച്ച് 248, ഏപ്രിൽ 189, മെയ് 141 പേർക്കുമാണ് ചിക്കൻപോക്‌സ് ബാധിച്ചത്.