പഴയങ്ങാടി: പഴയങ്ങാടിയിൽ പൊലീസിനെ അപായപ്പെടുത്താൻ മണൽമാഫിയയുടെ ശ്രമം. പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെപുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.എരിപുരം ഗ്യാസ് ഗോഡൗണിന് സമീപത്താണ് അനധികൃതമായി മണൽ കടത്തുന്ന ലോറി പട്രോളിംഗിനിടെ പഴയങ്ങാടി എസ്‌ ഐ കെ.ഷാജുവും സംഘവും കണ്ടത്. കൈ കാണിച്ചിട്ടും നിറുത്താതെ പോയ ലോറി പിന്തുടർന്നു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മണൽ പൊലീസ് ജീപ്പിന്റെ മുന്നിലേക്ക് തട്ടുകയായിരുന്നു. പൊലീസ് ജീപ്പ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയും ചെയ്തു.

എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ലോറിയുമായി മണൽമാഫിയസംഘം കടന്നുകളഞ്ഞു. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മണൽകടത്ത് സംഘങ്ങൾ വ്യാപകമാണ്. തുടർന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്. സംഘത്തിൽ ക്രൈം എസ്‌.ഐ കെ.മുരളി,സി.പി.ഒ.സിദിഖ് തുടങ്ങിയവരുമുണ്ടായിരുന്നു.