കണ്ണൂർ: സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബദൽഉത്പ്പന്നങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബദൽ ഉത്പ്പന്ന മേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ കളക്ടറേറ്റ് മൈതാനിയിൽ നടക്കും. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് പ്രകൃതി സൗഹൃദ ബദൽ ഉൽപന്നമേള സംഘടിപ്പിക്കുന്നത്. തുണി സഞ്ചി, പേപ്പർ ബാഗ്, പാള പാത്രങ്ങൾ, ഉപയോഗ ശൂന്യമായ കുടയുടെ തുണി ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചികൾ, മറ്റ് പ്രകൃതിസൗഹൃദ വസ്തുക്കൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മെഷീനിന്റെ സഹായത്തോടെ പേപ്പർ ബാഗ് ആവശ്യാനുസരണം മേളയിൽ നിർമ്മിച്ച നൽകുകയും ചെയ്യും. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനത്തിന്റെ പാശ്ചാതലത്തിൽ ജില്ലയിലുടനീളം പ്രകൃതിസൗഹൃദ ബദൽ ഉൽപ്പന്ന സാധനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.