കണ്ണൂർ : പ്രളയകാലത്ത് പുഴകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ നിർദേശം. ഓരോ പ്രദേശത്തെയും മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.
തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, എൻജിനീയർ തുടങ്ങിയവരടങ്ങുന്ന സംഘം പുഴകൾ സന്ദർശിച്ച് മാലിന്യങ്ങൾ അടിഞ്ഞുകൂടിയ സ്ഥലങ്ങൾ രേഖപ്പെടുത്തണം. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്കുള്ള നിർദേശം.പുഴകളുടെ ഘടനയ്ക്ക് അനുസരിച്ച് മാലിന്യങ്ങൾ ഏത് രീതിയിൽ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശിക്കാം. പഞ്ചായത്തുകൾക്ക് സ്വന്തം നിലയിലോ പൊതുജന പങ്കാളിത്തത്തോടെയോ മാലിന്യങ്ങൾ നീക്കം ചെയ്യുകയോ ഏജൻസികളെ ഏൽപ്പിക്കുകയോ ചെയ്യാം.
പുഴകളിൽ അടിഞ്ഞുകൂടിയ മണൽ, മരങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാത്തത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നതായും അടുത്ത മഴക്കാലത്ത് ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും യോഗത്തിൽ പങ്കെടുത്ത തദ്ദേശ സ്ഥാപന പ്രതിനിധികൾ പറഞ്ഞു.
വളപട്ടണത്ത് തുടങ്ങി
വളപട്ടണം പുഴയിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇത് ജില്ലയിലേക്ക് മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം. വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം എന്നീ പുഴകളിലെ മാലിന്യങ്ങളാണ് പ്രധാനമായും നീക്കം ചെയ്യേണ്ടത്. 7.60 കോടി രൂപയാണ് 54 പ്രവൃത്തികൾക്കായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒമ്പത് എണ്ണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
54 പ്രവൃത്തി
7.60 കോടി
9 പൂർത്തിയായി
ബൈറ്റ്
പ്രളയകാലത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുകയെന്നതാണ് ഈ പ്രവൃത്തിയിലൂടെ ഉദ്ദേശിക്കുന്നത്. അടിഞ്ഞുകൂടിയ മരങ്ങളും മണലുംഅടുത്ത മഴക്കാലത്ത് ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്