കാസർകോട്: മിയാപദവ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രൂപശ്രീ (40) യുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പുതിയ അന്വഷണം. അദ്ധ്യാപികയുടെ കാണാതായ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്താനായാൽ മരണം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
അദ്ധ്യാപികയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അദ്ധ്യാപകൻ മൊഴി നൽകി. ഫോണിൽ പരസ്‌പരം ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ ഈ അടുപ്പം ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താൻ മൊബൈൽ ഫോൺ കിട്ടണമെന്നാണ് പൊലീസ് പറയുന്നത്. ഫോൺ ലൊക്കേഷൻ കാണിച്ചിരുന്ന ബേരിക്കയിൽ നാട്ടുകാരും പൊലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.
രൂപശ്രീയുടെ ശരീരത്തിനുള്ളിൽ അമിതമായി കടൽവെള്ളം കയറിയതാണ് മരണകാരണമെന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന നിലപാടിലാണ് ഭർത്താവ് ചന്ദ്രനും ബന്ധുക്കളും. മഞ്ചേശ്വരം എസ്.ഐ.ബാലചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.