കാസർകോട്: കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പതിനൊന്നുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുമ്പഡാജെ അന്നടുക്കയിലെ ഹസൈനാർ - റംല ദമ്പതികളുടെ മകൻ മുഹമ്മദ് യാസിന്റെ (11) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്.

വിദ്യാഗിരി എസ്.എ ബി.എം യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു മുഹമ്മദ് യാസിൻ. എന്നാൽ ഉച്ചയായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. വീടിന് കുറച്ചകലെയുള്ള മച്ചാവു കരിയനഗുണ്ടി തടയണക്ക് സമീപം ചെരുപ്പ് കണ്ടതോടെ വെള്ളക്കെട്ടിൽ പരിശോധന നടത്തുകയും വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.

ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം പിന്നീട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അന്നടുക്ക ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.