മംഗളൂരു: ഡിസംബർ 19 ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വഴിയേ പോയവരുൾപ്പെടെയുള്ള മലയാളികൾക്ക് കർണാടക പൊലീസിന്റെ നോട്ടീസ്. നിരോധനാജ്ഞാസമയത്ത് മംഗളൂരു സന്ദർശിച്ച മലയാളികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ ടവർ ലൊക്കേഷൻ വഴി ശേഖരിച്ചാണ് നോട്ടീസ് നൽകുന്നത്. കർണാടക, കേരള അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന 650 പേർക്കാണ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇതുവരെ ലഭിച്ചത്. സംഭവദിവസം വ്യാപാര, വിദ്യാഭ്യാസ, ആശുപത്രി ആവശ്യങ്ങൾക്ക് മംഗളൂരുവിൽ പോയവരാണ് ഇവരിലേറെയും. മംഗളൂരു പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.
സ്പീഡ് പോസ്റ്റ് വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബർ 19ന് നഗരത്തിൽ അനധികൃതമായി ഒത്തുകൂടിയതായും പ്രതിഷേധങ്ങളിൽ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചതായി നോട്ടീസിൽ പറയുന്നു. ചോദ്യം ചെയ്യലിനായി നിശ്ചിത തീയതിക്ക് മംഗളൂരു സിറ്റി നോർത്ത് (ബന്തർ) പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. നോട്ടീസ് ലഭിച്ച നിരവധി പേർ ശനിയാഴ്ച ബന്തർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് അവരുടെ പേരും മൊബൈൽഫോൺ നമ്പറും ഒപ്പുകളും വാങ്ങി. ഭാവിയിൽ നോട്ടീസ് ലഭിച്ചാൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് വന്നതിന്റെ വിശദാംശങ്ങൾ പലരും പൊലീസിന് കൈമാറി.
അതേസമയം നോട്ടീസ് നൽകിയിട്ടില്ലെന്നും ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ബന്തർ പൊലീസ് ഇൻസ്‌പെക്ടർ ഗോവിന്ദരാജു പറയുന്നത്.
സെക്‌ഷൻ 143 നിയമവിരുദ്ധമായ ഒത്തുചേരൽ, 147 കലുഷമായ സാഹചര്യങ്ങളിൽ പങ്കെടുക്കൽ, 148 നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കൽ, 188 നിരോധന ഉത്തരവുകൾ ലംഘിക്കൽ, 353 ആക്രമണം, 324 അക്രമം, 427 നാശനഷ്ടം തുടങ്ങിയ വകുപ്പുകൾ ചേർത്ത നോട്ടീസാണ് പലർക്കും ലഭിച്ചത്. ഡിസംബർ 19ന് നിരോധനാജ്ഞ ലംഘിച്ച് സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ഒത്തുകൂടിയ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ചിരുന്നു.