കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് താലിബാൻ മോഡൽ തീവ്രവാദം നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യദ്രോഹികൾ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ കാഞ്ഞങ്ങാട് ജാഗ്രതാ സമിതി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മതതീവ്രവാദ സംഘടനകൾക്കൊപ്പം പോവുകയാണ് സി.പി.എമ്മും കോൺഗ്രസും. ബംഗ്ലാദേശികളായ ഇസ്ലാം തീവ്രവാദികൾക്ക് കേരളത്തിൽ ഇടം കൊടുക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഭാരതം മതേതര രാജ്യമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും മതം ഭൂരിപക്ഷമായിരുന്നാൽ ഭാരതം മതരാഷ്ട്രമായി മാറുമായിരുന്നുവെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു.
ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ബൽരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സമ്പർക്ക പ്രമുഖ് കെ. സജീവൻ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എസ്.പി. ഷാജി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് നാരായണൻ വാഴക്കോട് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി കാഞ്ഞങ്ങാട മണ്ഡലം പ്രസിഡന്റ് എൻ. മധു സ്വാഗതവും ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി കെ.വി. ബാബു നന്ദിയും പറഞ്ഞു.