കാസർകോട്: ആദികരിവെള്ളൂർ തൊട്ട് അന്തം പെരുതണ വരെയുള്ള 108 മുച്ചിലോട്ട് ഭഗവതിക്ഷേത്രങ്ങളിൽ സമീപത്തുള്ള 43 ഇടത്ത് പെരുങ്കളിയാട്ടമറിയിക്കാൻ ചൈതന്യയാത്രയുമായി കാറമേൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം. ഈമാസം 22ന് വടക്കെയറ്റത്തുള്ള പെരുതണയിൽ നിന്ന് തുടങ്ങി 24ന് സമാപിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നൂറ്റാണ്ടുകളായി സമൂഹ വിവാഹത്തിലൂടെ പ്രസിദ്ധിയാർജ്ജിച്ച വടക്കേ അറ്റത്തുള്ള കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഇന്ന് പെരുങ്കളിയാട്ടം ക്ഷണിക്കൽ തുടങ്ങും. ഓരോ മുച്ചിലോട്ടുകളെയും ബന്ധപ്പെടുത്തി നടക്കുന്ന ചൈതന്യ യാത്രയിൽ പെരുങ്കളിയാട്ടത്തിന്റെ സംഘാടകർ, ക്ഷേത്രത്തിലെ കാരണവർ, സമുദായ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഉണ്ടാകും. ഓരോ ഇടത്തിലേയും ആചാര സ്ഥാനികരുടെ അനുഗ്രഹം വാങ്ങിയാണ് ചൈതന്യ യാത്ര മടങ്ങുന്നത്.
ഇന്ന് രാവിലെ പെരുമണ്ണ മുച്ചിലോട്ട് കാവിൽ നിന്നും ആചാര സ്ഥാനികർ കുറിയിട്ട അനുഗ്രഹിച്ച് ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കെ സുരേഷ് ചൈതന്യയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തറവാട് അംഗങ്ങൾ കൂടുതലായി അധിവസിക്കുന്ന കരിപ്പോടി, കാഞ്ഞങ്ങാട്, നീലേശ്വരം, കരിവെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പെരുങ്കളിയാട്ടത്തിന്റെ സന്ദേശം എത്തിക്കുകയാണ് ചൈതന്യ യാത്ര കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആദ്യദിവസം കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ യാത്ര സമാപിക്കും. രണ്ടാം ദിവസം അതിയടം മുച്ചിലോട്ട് ക്ഷേത്രത്തിൽ നിന്നാരംഭിച്ച് തായിനേരിയിൽ സമാപിക്കും. അവസാന ദിവസം കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും തുടങ്ങി രാത്രി ഏഴ് മണിയോടെ കീഴുന്ന മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ച് കാറമേലിൽ തിരിച്ചെത്തുമെന്ന്
പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കെ. സുരേഷ്, ആഘോഷകമ്മിറ്റി പ്രസിഡന്റ് വി സി നാരായണനും ജനറൽ കൺവീനർ പി വി ഗോപിയും പറഞ്ഞു.