കാഞ്ഞങ്ങാട്: സ്കൂളിലെ വാൻ ഡ്രൈവറുടെ അതിബുദ്ധിയിൽ പിഞ്ചുവിദ്യാർത്ഥികൾക്ക് യാത്രാദുരിതം. അജാനൂർ ജി.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികളാണ് ഇപ്പോൾ യാത്രാദുരിതം അനുഭവിക്കുന്നത്.
93 വർഷം പഴക്കമുള്ള സ്ക്കൂളിൽ വിദ്യാർത്ഥികൾ ആരുടെയും ശ്രദ്ധയില്ലാതെ റെയിൽ പാളം മുറിച്ചുകടന്നാണ് പോക്കുവരവ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് സ്ക്കൂളിലെ ബസ് ഡ്രൈവറാണ്. അധ്യാപകർ, രണ്ട് ആയമാർ, ബസ് ഡ്രൈവർമാർ, പ്രധാനാധ്യാപകൻ, പ്യൂൺ എന്നിവർ രാവിലെയും വൈകുന്നേരവും അതീവ ജാഗ്രതയോടെയാണ് വിദ്യാർത്ഥികളെ പാളം മുറിച്ചു കടത്തുന്നത്.
യാഥാർത്ഥ്യം ഇതായിരിക്കെയാണ് ബസ് ഡ്രൈവർമാരിൽ ഒരാളായ സി.എച്ച് ബഷീർ, അധ്യാപകരെ കുറ്റപ്പെടുത്തും വിധം ദൃശ്യം പ്രചരിപ്പിച്ചത്. അതോടെ റെയിൽവേ ഉദ്യോഗസ്ഥരെത്തി ഗേറ്റ് വഴിയുള്ള സഞ്ചാരം തടഞ്ഞു. ഇതോടെയാണ് വിദ്യാർത്ഥികൾ ദുരിതത്തിലായത്. ഏകദേശം ആറുകിലോമീറ്ററോളം ചുറ്റി വളഞ്ഞാണ് ഇപ്പോൾ വിദ്യാർത്ഥികൾ സ്ക്കൂളിലെത്തുന്നത്.
സമുഹമാധ്യമത്തിലെ ദൃശ്യം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ അന്വേഷണം നടത്തുകയും എ.ഇ.ഒയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.