കണ്ണൂർ: അഴീക്കോട് സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 24ന് അഴീക്കോട് സ്മൃതി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. രാവിലെ പത്തിന് ചേമ്പർ ഹാളിൽ ഉത്തരമേഖലാ ഡി.ഐ .ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആലങ്കോട് ലീലാകൃഷ്ണൻ അഴീക്കോട് സ്മാരക പ്രഭാഷണം നടത്തും. മേയർ സുമാ ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സുകുമാർ അഴീക്കോട് ഭാരതം ഇനി സൃഷ്ടിക്കണം, ഏക മനസ്, ഭാരതത്തിന്റെ അനശ്വര സമ്പത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.

കോട്ടയത്തെ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഴീക്കോടിനെ അറിയുക എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോളേജുകളിലും സ്‌കൂളുകളിലും അഴീക്കോടിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും നടത്തുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ. എ.കെ നമ്പ്യാർ, എം.ടി മനോജ്, സുരേഷ് ബാബു എളയാവൂർ, മോഹനൻ പൊന്നമ്പത്ത്, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ സംബന്ധിച്ചു.