ആലക്കോട് : അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം 30 മുതൽ 6 വരെ വിപുലമായ പരിപോടികളോടെ നടക്കും.ഇതിനോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര 28 ന് വൈകീട്ട് നാലിന് ആലക്കോട് കൊട്ടാരത്തിൽ നിന്ന് ആരംഭിക്കും.അതോടൊപ്പം ശ്രീമുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്രയും അരങ്ങം ക്ഷേത്രത്തിലേക്ക് പുറപ്പെടും.30 ന് വൈകീട്ട് ആറിന് ദീപാരാധന,ആചാര്യ വണക്കം,ഏഴിന് കൊടിയേറ്റം എന്നിവ നടക്കും.
തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു നിർവ്വഹിക്കും.രാത്രി 10.30 മുതൽ സിനിമാതാരം കലാഭവൻ പ്രജോതും സൂരജ് തെലക്കാടും നയിക്കുന്ന കോമഡി ഉത്സവരാവ് .31 ന് വൈകീട്ട് മൂന്നിന് ചാക്യാർകൂത്ത്, പത്മശ്രീ വീരഭദ്രസ്വാമി ക്ഷത്രത്തിൽ നിന്ന് കെട്ടുകാഴ്ച്ച വരവ് ,രാത്രി എട്ട് മുതൽ ഫ്‌ളവേഴ്‌സ് ടി.വി കോമഡി ഉത്സവം അനൂപ് നയിക്കുന്ന ഫ്യൂഷൻ മ്യൂസിക്ക് , സൗപർണ്ണിക കലാവേദി അത്താഴകുന്ന് അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്നിവ ഉണ്ടാകം.ഒന്നിന് രാത്രി 7.30 മുതൽ സജി ഓതറ തിരുവല്ല നയിക്കുന്ന പടയണി ,രാത്രി 9.30 ന് കൊല്ലം ആവിഷ്‌ക്കാരയുടെ നാടകം അക്ഷരങ്ങൾ, എം.ആർ.കാസർകോട് അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ എന്നിവ അരങ്ങേറും.
രണ്ടിന് വൈകീട്ട് ഏഴിന് കണ്ണൂർ അതീനയുടെ നാടൻപാട്ട് തിറയാട്ടം അരങ്ങേറും.രാത്രി 9.30 ന് വടകര വരദയുടെ നാടകം അച്ചൻ അരങ്ങേറും.11 ന് െഎഡിയ സ്റ്റാർ സിംഗർ ആൻമരിയ ആന്റ് ടീം തൊടുപുഴ നയിക്കുന്ന ഗാനമേള നടക്കും.മൂന്നിന് രാത്രി 8.30 ന് പ്രശസ്ത സിനിമാതാരം ബിജുകുട്ടൻ നയിക്കുന്ന കോമഡിനൈറ്റ് തുടർന്ന് കഥകളി എന്നിവ അരങ്ങേറും.
നാലിന് വൈകീട്ട് 3.30 ന് ആലക്കോടേയ്ക്ക് പറയെഴുന്നള്ളിപ്പ് നടക്കും.വൈകീട്ട് ഏഴിന് ടൗൺ പന്തലിൽ നാദസ്വരം,പഞ്ചവാദ്യം,പറയെടുപ്പ്,8.30 ന് തിരിച്ചെഴുന്നള്ളത്തും തുടർന്ന് ഫോക്ലോർ അക്കാഡമി ചെയർമാൻ ഡോ.സി.ജെ.കുട്ടപ്പൻ നയിക്കുന്ന ഫോക്ക് നൈറ്റ് നടക്കും.രാത്രി 9.30 ന് ഗായകൻ വിദുപ്രതാപ് നയിക്കുന്ന ഗാനമേള.11.30 ന് കൊട്ടാരക്കര പ്രണവം തിയറ്റേഴ്‌സിന്റെ കാക്കാരശി നാടകം ചന്ദ്രകലാധരൻ അരങ്ങേറും.
അഞ്ചിന് രാത്രി 9.40 ന് സ്റ്റാർവൺ തിരുവനന്തപുരം അവതരിപ്പിക്കുന്ന ചിരികുളവും തുടർന്ന് ആലക്കോട് പ്രഭാ ആർട്‌സ് ക്ലബ്ബ് അവതരിപ്പിക്കുന്ന നാടകം കുടിയേറ്റലും അരങ്ങേറും.സമാപന ദിവസമായ ആറിന് രാത്രി 9.30 ന് പി.ജയചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീത നിശ അരങ്ങേറും.രാത്രി ഒന്നിന് ഹരിലക്ഷ്മി ചങ്ങനാശ്ശേരിയുടെ നടാകം ദേവീകാർത്ത്യായനി തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.