നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന്റെ ഭാഗമായി നടക്കുന്ന കൾവർട്ട് നിർമ്മാണം അപകട കുരുക്കാകുന്നു. ചായ്യോത്ത് സ്‌കൂൾ പരിസരത്ത് കൾവർട്ട് പണിയുന്നതിന്റെ ഭാഗമായെടുത്ത കുഴിയാണ് ഭീഷണിയായിരിക്കുന്നത്.

വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്ത് കൂടി തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിരിക്കയാണ്. ഇതുതടയാൻ ഇവിടെ ഒരു റിബൺ കെട്ടുകമാത്രമാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇവിടെ കോൺക്രീറ്റ് ചെയ്ത കമ്പികൾ എല്ലാം പുറത്തേക്ക് തള്ളിനിൽക്കുന്നതും അപകടത്തിനു വഴിയൊരുക്കുകയാണ്. കഴിഞ്ഞ ദിവസം ഈ കുഴിയിൽ രണ്ട് ഇരുചക്രവാഹനങ്ങൾ വീണിരുന്നു.

കേബിൾ പൈപ്പുകൾ

കോൺക്രീറ്റിനുള്ളിൽ

ഇപ്പോൾ പണിത കൾവർട്ടിന്റെ കോൺക്രീറ്റിൽ കൂടിയാണ് ഇതുവഴി കൊണ്ടുപോകുന്ന സ്വകാര്യ മൊബൈൽ കമ്പനിയുടെയും വെള്ളത്തിന്റെയും പൈപ്പുകൾ കടന്നുപോകുന്നത്. ഭാവിയിൽ ഈ പൈപ്പുകൾ എന്തെങ്കിലും മാറ്റേണ്ടി വന്നാൽ കൾവെർട്ടിന്റെ കോൺക്രീറ്റ് തന്നെ പൊളിച്ചുനീക്കേണ്ടി വരും.

പൊടിശല്യം രൂക്ഷം
ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന്റെ ഭാഗമായി ചായ്യോത്ത്, ഇടിച്ചൂടിത്തട്ട്, പാലാത്തടം എന്നിവിടങ്ങളിൽ റോഡ് കുത്തിപൊട്ടിച്ച് പണി നടക്കുന്നതിനാൽ പൊടിശല്യം രൂക്ഷമാണ്. വെള്ളം ഒഴിച്ച് പൊടി ശല്യം ഒഴിവാക്കാൻ കരാറുകാരൻ മുന്നോട്ടുവരുന്നില്ലെന്ന പരാതി വ്യാപകമാണ്. പേരിന് രാവിലെ ഒരു പ്രാവശ്യം മാത്രമാണ് വെള്ളം അടിക്കുന്നത്. കൾവർട്ട് നിർമ്മാണം നടക്കുന്നചായ്യോത്ത് സ്‌കൂൾ പരിസരത്തും പൊടിശല്യം രൂക്ഷമാണ്.

ഇടത്തോട് റോഡിൽ കൾവർട്ട് നിർമ്മിക്കന്ന ചായ്യോത്ത് സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള കുഴി