കാസർകോട്: കന്നഡയറിയാത്ത അധ്യാപികയെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് ബേക്കൽ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂളിലെ കന്നഡ മീഡിയം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇന്നലെ ക്ലാസ് ബഹിഷ്‌കരിച്ചു. കന്നഡ മീഡിയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായതോടെ അധ്യാപികയോട് അവധിയിൽ പോകാൻ ഉപ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. അവധിയെടുത്ത കാലയളവിൽ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന കന്നഡ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കാനും അധ്യാപികയ്ക്ക് നിർദ്ദേശം നൽകി.

കന്നഡ ഭാഷ അറിയാത്ത അധ്യാപിക അവധിയെടുത്ത് മാറിനിൽക്കണമെന്നും കന്നഡ അറിയാവുന്ന അധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളും കുട്ടികളും ജില്ലാപഞ്ചായത്തംഗം ഷാനവാസ് പാദൂരിന്റെ നേതൃത്വത്തിൽ കളക്ടർക്കും ഉപവിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ ഇതേ സ്‌കൂളിൽ ജോലിക്കെത്തിയ അധ്യാപിക പ്രതിഷേധത്തെ തുടർന്ന് അവധിയിൽ പോയിരുന്നു. ഈ സമയത്ത് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിച്ച് ക്രിസ്‌മസ് പരീക്ഷ വരെയുള്ള പാഠഭാഗങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ജനുവരിയിൽ അധ്യാപികയെ വീണ്ടും സ്‌കൂളിൽ നിയമിച്ചതോടെയാണ് പ്രതിഷേധമുയർന്നത്. അധ്യാപികയെ മാറ്റിയില്ലെങ്കിൽ കുട്ടികളെ ടി.സി വാങ്ങി സ്‌കൂളിൽ നിന്ന് മാറ്റുമെന്ന് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകി.