മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച ബാഗ് ഉപേക്ഷിച്ചയാൾ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ മൊഴി നൽകി. ഇയാൾ പൊലീസ് ആവശ്യപ്രകാരം ഇന്നലെ ബജ്‌പെ പൊലീസ് സ്റ്റേഷനിൽ ഹാജരായാണ് ഓട്ടോഡ്രൈവർ ബോംബ് വെച്ചയാളിന്റെ വിവരങ്ങൾ നൽകിയത്.
കെഞ്ചാർ എന്ന സ്ഥലത്തു നിന്നാണ് ആൾ ഓട്ടോയിൽ കയറിയത്. സ്വകാര്യ ബസിലാണ് ഇയാൾ വന്നത്. കൈയിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. സലൂണിന് സമീപം ബാഗ് വെച്ചാണ് ഓട്ടോ വിളിച്ചത്. രാവിലെ 8.50 ന് ബജ്‌പെ വിമാനത്താവളത്തിൽ എത്തി അല്പം കഴിഞ്ഞപ്പോൾ ഇയാൾ മടങ്ങിവന്നുവെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. സൗമ്യമായാണ് ഇയാൾ സംസാരിച്ചത്. തുളു ഭാഷയിലാണ് സംസാരം മുഴുവൻ. പിന്നീട് ഇയാളെ മംഗളുരു പമ്പ് വെല്ലിൽ ഇറക്കുകയും വാടകയായി 400 രൂപ നൽകിയതായും ഓട്ടോ ഡ്രൈവർവെളിപ്പെടുത്തി.
ഓട്ടോഡ്രൈവർ പറഞ്ഞ രണ്ടു ബാഗുകളിൽ ഒന്നാണ് വിമാനത്താവളത്തിൽ ബോംബുമായി കണ്ടെത്തിയത്. ഡ്രൈവറുടെ മൊഴി പ്രകാരം രണ്ടാമത്തെ ബാഗിനായി പൊലീസ് അന്വേഷണം നടത്തുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ നടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും കൈയിൽ ബാഗ് ഇല്ല.
സ്വയം പൊട്ടിത്തെറിക്കാത്ത എന്നാൽ, പരിശീലനം ലഭിച്ചയാൾക്ക് പൊട്ടിക്കാൻ കഴിയുന്ന സ്‌ഫോടക വസ്തുവാണ് ബാഗിൽ കണ്ടെത്തിയത്. ഇത് അധികൃതർ നിർവീര്യമാക്കിയിരുന്നു.