കൊട്ടിയൂർ: ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ പൊലീസ് ചീഫ് യതീഷ് ചന്ദ്ര അമ്പായത്തോട്ടിലും മേലെ പാൽച്ചുരം കോളനിയിലും സന്ദർശനം നടത്തി.ഇരിട്ടി എ.എസ്.പി ആർ.ആനന്ദ്, കേളകം എസ് ഐ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പമായിരുന്നു എസ്.പിയുടെ സന്ദർശനം.
മാവോയിസ്റ്റ് വേട്ടക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ആലോചനയുണ്ടെന്നും പൊതുജനങ്ങളുടെ സഹായം പൊലീസിനുണ്ടെന്നും ജനങ്ങൾ തത്സമയം പ്രതികരിക്കാത്തത് ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.മാവോയിസ്റ്റുകൾ വന്ന വിവരം പൊലീസിന് ലഭിക്കുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്.ജനാധിപത്യം നിലനിൽക്കുന്നത് കൊണ്ടാണ് പൊതുജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരം ലഭിക്കുന്നത്. മാവോയിസ്റ്റുകൾ ആഗ്രഹിക്കുന്നത് ജനാധിപത്യ ഭരണഘടന തന്നെ വേണ്ടെന്നാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സായുധരായ നാലംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൗണിൽ എത്തി പോസ്റ്റർ പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.