പയ്യന്നൂർ: അടുത്ത അദ്ധ്യയന വർഷം പയ്യന്നൂരിൽ സുവർണ്ണ വർഷമാക്കി മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സി. കൃഷ്ണൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.
പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളുടെ വികസന പ്രവർത്തനങ്ങൾ, അക്കാഡമിക് മേഖല, ലഹരി വിമുക്ത കേമ്പസ്, ശുചിത്വം, പഠനോത്സവങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് മണ്ഡലതല യോഗം ചേർന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, പൊതുവിദ്യാലയങ്ങളിലെ പി.ടി.എ പ്രസിഡന്റുമാർ, പ്രിൻസിപ്പൽ, പ്രധാനധ്യാപകർ എന്നിവർ പങ്കെടുത്തു. 202021 അധ്യയന വർഷം സുവർണ്ണ വർഷമാക്കി മാറ്റുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഇതിനായി അദ്ധ്യാപക രക്ഷാകർതൃ സമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധി ഉൾപ്പെടെ കൂട്ടായ പ്രയത്‌നം നടത്തണമെന്ന് തീരുമാനിച്ചു. യോഗത്തിൽ സി കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.
എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.പി.രമേശൻ, കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ബാലകേശവൻ, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.രാധാമണി പയ്യന്നൂർ എ .ഇ ഒ എം.ഭാസ്‌കരൻ, ബി.പി.ഒ. പി.വി സുരേന്ദ്രൻ, കെ.സുരേശൻ, ടി.വി.വിനോദ് കുമാർ, പി.ഭരതൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ സുവർണ്ണ അദ്ധ്യയന വർഷം അവലോകന യോഗം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു