കാഞ്ഞങ്ങാട് : വേറിട്ട കലാപരിപാടികൾ കോർത്തിണക്കി വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ നടത്തുന്ന സംഗീതിക 2020 പരിപാടി റിപബ്ലിക് ദിനത്തിൽ തുടങ്ങും. മൂന്നു മാസം നീളുന്നതാണ് പരിപാടിയെന്ന് അദ്ധ്യാപകരായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, കെ.അനിൽകുമാർ, വിദ്യാർഥികളായ ആർ.നന്ദന, എം.ശിവാനി, പി.വി.അനന്യ, ആവണി മോഹൻ, വെങ്കടേഷ് കാമത്ത്, കെ.നന്ദന എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രധാനാധ്യാപകൻ ടി.പി.അബ്ദുൽ ഹമീദ് ദേശീയപതാക ഉയർത്തുന്നതോടെ പരിപാടികൾ തുടങ്ങും. എഴുപതാം റിപബ്ലിക് ദിനത്തിന്റെ പ്രതീകമായി എം.വി.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ 70 വിദ്യാർത്ഥികൾ ദേശീയഗാനത്തിന്റെ പൂർണരൂപം അവതരിപ്പിക്കും. പശ്ചാത്തല സംഗീത ഉപകരണങ്ങളും വിദ്യാർഥികൾ തന്നെ കൈകാര്യം ചെയ്യും. സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി.
ഫെബ്രുവരിയിൽ വിദ്വാൻ പി.കേളുനായരുടെ സംഗീത നാടകങ്ങളിലെ അഭിനേതാക്കൾക്ക് ആദരമൊരുക്കും. മഹാകവിയുടെ 'കവിയുടെ കാൽപ്പാടുകൾ' എന്ന ആത്മകഥയെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനുട്ട് നീളുന്ന സംഗീത നാടകവും അരങ്ങേറും. മാർച്ച് അവസാന വാരം ആയിരം വിദ്യാർത്ഥികളെ അണിനിരത്തി ഹിന്ദ് ദേശ് കേ നിവാസീ എന്നു തുടങ്ങുന്ന ദേശഭക്തിഗാനം അവതരിപ്പിക്കും.