കൂത്തുപറമ്പ്: ടൗണിൽ ട്രാഫിക് ഐലാന്റ് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. മണൽചാക്കുകൾ വിരിച്ച് സ്ഥലം നിർണയിക്കുന്ന പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.തലശ്ശേരി-വളവുപാറ കെ .എസ് .ടി .പി.റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂത്തുപറമ്പ് ടൗണിന്റെ ഹൃദയഭാഗത്ത് ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്നത്. തലശ്ശേരി-കൂർഗ് അന്തർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കൂത്തുപറമ്പിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ട്രാഫിക് ഐലന്റ് നിർമ്മാണം. നിലവിലുള്ള സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തി ശാസ്ത്രീയമായാണ് ഡിവൈഡറും മറ്റും നിർമ്മിക്കുന്നത്.ആദ്യ ഘട്ടമായി മണൽചാക്കുകൾ വിരിച്ച് സ്ഥലം നിർണയിക്കുന്ന പ്രവൃത്തി ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

ബുധനാഴ്ച പുലർച്ചെയോടെയാണ് നഗരസഭാ അധികൃതരുടെ സഹായത്തോടെ കെ.എസ്.ടി.പി. ജീവനക്കാർ മണൽച്ചാക്കുകൾ വിരിച്ചത്. കൂറ്റൻ ട്രക്കുകൾ കടത്തിവിട്ട് വാഹന ഗതാഗത സൗകര്യം ഉറപ്പ് വരുത്തിയ ശേഷമാണ് സ്ഥല നിർണയം നടത്തിയത്.വാഹന ഗതാഗതത്തിന് അനുയോജ്യമെന്ന് കണ്ടാൽ ഏതാനും ദിവസം കൊണ്ട് തന്നെ ട്രാഫിക് ഐലന്റ് നിർമ്മാണം ആരംഭിക്കും. ട്രാഫിക് ഐലന്റ് നിർമ്മാണം പൂർത്തിയാകുന്നതോടെ ട്രാഫിക്കുരുക്കിന് പരിഹാരമാകുമെന്നപ്രതീക്ഷയിലാണ് നാട്ടുകാർ.