ചെറുവത്തൂർ: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെട്ട ആറ് പദ്ധതികൾക്കായി 72.5 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കുളള ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൗണുകളിൽ ഒന്നായ നീലേശ്വരം രാജാ റോഡ് വികസനം എന്ന സ്വപ്നം ഇതോടുകൂടി പ്രാവർത്തികമാവുകയാണ്. ജില്ലയിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നീലേശ്വരത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായ കച്ചേരി കടവ് പാലം ഫെയ്സ് ടു വർക്കായി ചെയ്യുന്നതാണ്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിനെയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രാമൻചിറ പാലം നാഷണൽ ഹൈവേ മുതൽ നാപ്പച്ചാൽ വരെ ആധുനികവത്ക്കരിച്ച അപ്രോച്ച് റോഡ് ഉൾപ്പെടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തൃക്കരിപ്പൂർ പിലിക്കോട് പഞ്ചായത്തുകളെ പടന്ന പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്. എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് കോളേജിന്റെ ദീർഘകാല ആവശ്യം മുൻനിറുത്തിയാണ് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.

നടക്കാവ് റെയിൽവേ മേൽപ്പാലം 32.24 കോടി

നീലേശ്വരം രാജാ റോഡ് വികസനം16.72 കോടി

രാമൻചിറ പാലം നിർമ്മാണം 14.72 കോടി

എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ.കോളേജ് അക്കാഡമിക് ബ്ലോക്ക് 6.18 കോടി

ജി എഫ് വി എച്ച് എസ് എസ് കാടങ്കോടിന് കെട്ടിട നിർമ്മാണം 1.48 കോടി

ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറത്തിന് കെട്ടിട നിർമ്മാണം 1.15 കോടി