bomb-case

മംഗളുരു: മംഗളുരു വിമാനത്താവളത്തിൽ ലാപ്‌ടോപ് ബാഗിൽ ഉഗ്രശേഷിയുള്ള ബോംബ് വച്ച് കടന്ന മണിപ്പാൽ സ്വദേശി ആദിത്യ റാവു ഇന്നലെ രാവിലെ ബംഗളൂരു ഐ.ജി ഓഫീസിൽ കീഴടങ്ങി.ഇയാളെ ഹലസൂരു പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തു.

എം.ബി.എ ബിരുദധാരിയായ ആദിത്യ റാവു 2018 ആഗസ്റ്റ് 30ന് ബംഗളൂരു വിമാനത്താവളത്തിന് ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. ഇയാൾ വിമാനത്താവളത്തിലെ സുരക്ഷാ ജോലിക്കുള്ള ഇന്റർവ്യൂവിന് ഹാജരായെങ്കിലും ജോലി ലഭിച്ചില്ല. ഈ വൈരാഗ്യത്തിലായിരുന്നു ഭീഷണി. ഈ കേസിൽ മൂന്നുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതേസമയം മംഗളുരു വിമാനത്താവളത്തിൽ ബോംബ് വച്ചത് എന്തിനാണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബംഗളൂരുവിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന ആദിത്യ റാവു പിന്നീട് രാജിവച്ച് മംഗളുരുവിൽ സെക്യൂരിറ്റി ഗാർഡായും ഉഡുപ്പി പുതിയ മഠത്തിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് പറയുന്നു. മംഗളൂരു നഗരത്തിൽ നിന്ന് ബസിൽ കെഞ്ചാറിലെത്തിയ ആദിത്യറാവു അവിടെ നിന്ന് ഓട്ടോ പിടിച്ചാണ് വിമാനത്താവളത്തിൽ എത്തിയത്. ഇയാളുടെ പക്കൽ രണ്ട് ബാഗുകളുണ്ടായിരുന്നു. ബോംബ് സൂക്ഷിച്ച ബാഗ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വച്ചശേഷം ഓട്ടോയിൽ തിരികെ കെഞ്ചാറിലെത്തി അതേ ഓട്ടോയിൽ മംഗളൂരുവിലെ പമ്പ് വെല്ലിൽ ഇറങ്ങി. രണ്ടാമത്തെ ബാഗ് സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടില്ല. അതേസമയം, കേ​സി​ലെ​ ​ഭീകര ബ​ന്ധം​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​എ​ൻ.​ഐ.​എ​ ​സം​ഘവും വിശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഗാ​ർ​ഡും​ ​മം​ഗ​ളു​രു​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യി​ട്ടു​ണ്ട്.