കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനെ ആക്രമിച്ച സംഭവത്തെ തുടർന്ന് മദ്യപിച്ച് മാഹിയിൽ നിന്ന് ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കാൻ റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും പ്രത്യേക സംഘം.
ട്രെയിനിൽ മദ്യപിച്ചുകയറി യാത്രക്കാർക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ കർശന നടപടിയെടുക്കാനാണ് റെയിൽവേ പൊലീസിന്റെ തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട്-കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്ത മാതൃഭൂമി ജീവനക്കാരൻ കെ.എം. രാധാകൃഷ്ണനെ ട്രെയിനിൽ രണ്ടംഗ സംഘം ആക്രമിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് 3.25 ന് തലശേരിക്കും ധർമ്മടം സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഫോൺ വലിച്ചെറിയുകയും പേഴ്‌സ് കവരുകയും ചെയ്തു. ധർമടം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു.
റെയിൽവേ എസ്.ഐ. സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.