കണ്ണൂർ :തങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറച്ച ലൈഫിനും സംസ്ഥാന സർക്കാറിനും നന്ദി അറിയിക്കാനും സന്തോഷം പങ്കുവയ്ക്കാനും കളക്ടറേറ്റ് മൈതാനത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. തലച്ചായ്ക്കാനൊരിടം എന്ന ജീവിത സ്വപ്‌നം സാക്ഷാത്ക്കരിക്കാനായതിന്റെ സന്തോഷം അവരുടെ മുഖങ്ങളിൽ തിരയടിച്ചു. മൂന്നൂ മണിയോടെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നരയോടെ തന്നെ സംഗമ വേദിയിലേക്ക് ഗുണഭോക്താക്കൾ എത്തി. സൗപർണ്ണിക അത്താഴക്കുന്നിന്റെ നാടൻപാട്ടോടെയാണ് സംഘാടകർ ഇവരെ വരവേറ്റത്.
ആദ്യമൊന്ന് മടിച്ചെങ്കിലും പാട്ട് ആവേശം പകർന്നപ്പോൾ താളം പിടിച്ചും ആസ്വദിച്ചും ജീവിതത്തിലെ വലിയ ദിവസത്തെ അവർ ആഘോഷമാക്കി. ഉദ്ഘാടനവേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്.
നഗരിയിലൊരുക്കിയ ചിത്ര പ്രദർശനത്തിനും പ്ലാസ്റ്റിക് ബദൽ ഉത്പ്ന്ന മേളയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും ജനപ്രതിനിധികളും ലൈഫ് മിഷന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ജില്ലാ കളക്ടർ ടി വി സുഭാഷും അടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാ കുടുംബ സംഗമവും മെഗാ അദാലത്തും സംഘടിപ്പിച്ചത്.