കൂത്തുപറമ്പ്: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ആവിഷ്‌കരിച്ച പുതിയ റിംഗ് റോഡ് നിർമ്മാണത്തിനായി കിഫ്ബി വഴി ആദ്യ ഗഡുവായി 32.08 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ എയർപോർട്ട് വന്നതോടെ കൂത്തുപറമ്പ് പട്ടണത്തിൽ വലിയ ഗതാഗത പ്രശ്‌നമാണ് ഉണ്ടായത്. കൂത്തുപറമ്പിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് സ്ഥലം എം.എൽ.എ. കൂടിയായ കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തിൽ പദ്ധതിയാവിഷ്‌കരിച്ചത്. വിവിധ വഴികളിൽ കൂടി വരുന്ന വാഹനങ്ങൾക്ക് കൂത്തുപറമ്പ് പട്ടണത്തിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധിക്കും. കണ്ണൂരിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കൂത്തുപറമ്പിൽ പ്രവേശിക്കാതെ പുറക്കളത്ത് നിന്ന് കുട്ടിക്കുന്ന് വഴി മട്ടന്നൂർ വയനാട് മേഖലേയ്‌ക്ക് പോകാനും സാധിക്കും.