തൊക്കിലങ്ങാടി:ഡൽഹിയിൽ 26-ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ കൂത്തുപറമ്പ് ഹയർ സെക്കൻഡറി തൊക്കിലങ്ങാടി സ്കൂളിലെ എൻ.സി.സി. സീനിയർ കാഡറ്റായ സർജൻറ് അനൽരാജും. മേഖലാ-സംസ്ഥാന തലങ്ങളിൽ നടത്തിയ പന്ത്രണ്ടോളം ക്യാമ്പുകളിൽ മികച്ച പ്രകടനം നടത്തിയതിനെത്തുടർന്നാണ് അനൽരാജ് അഭിമാനനേട്ടത്തിന് അർഹനായത്. കേരളത്തെ പ്രതിനിധീകരിച്ച് ഹൈസ്കൂൾതലത്തിൽ നിന്ന് പങ്കെടുക്കുന്ന നാലുപേരിൽ ഒരാളും ജില്ലയിലെ ഏക പ്രതിനിധിയുമാണ് അനൽരാജ്. ഡൽഹിയിലെ ധാരാളം വേദികളിൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും അനൽരാജ് ഉൾപ്പെട്ട സംഘത്തിന് ലഭിക്കും. ഒൻപതാംതരം വിദ്യാർത്ഥിയായ അനൽരാജ് കാഞ്ഞിലേരിയിലെ ചാലിൽവീട്ടിലെ ജയരാജന്റെയും ശ്രീജയുടെയും മകനാണ്. കലോത്സവവേദികളിൽ ശാസ്ത്രീയനൃത്തങ്ങളിൽ നിറസാന്നിധ്യമാണ്.