കണ്ണൂർ:കൂത്തുപറമ്പ് ​​-കണ്ണൂർ റൂട്ടിലെ 45 ബസുകളും ഇന്നലെ മത്സരിച്ചോടി. ഉടമയുടെ ലാഭത്തിനോ,​ തൊഴിലാളികൾക്ക് ബത്ത നേടാനോ ആയിരുന്നില്ല. കൂത്തുപറമ്പ് വട്ടിപ്രത്തെ നിർദ്ധന കുടുംബാംഗമായ കാൻസർ ബാധിതന്റെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു ഈ മഹാദൗത്യം.

വട്ടിപ്രത്തെ 25കാരനായ സി.കെ.. അഖിലിന്റെ ചികിത്സാചിലവിലേക്ക് തുക സ്വരൂപിക്കുന്നതിനായി ബസുടമകളും ജീവനക്കാരും ഏകമനസിൽ കൈകോർക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ ദൈന്യത പൂർണമായും മനസിലാക്കിയപ്പോൾ എല്ലാവരും മനുഷ്യത്വത്തോടെ ഒത്തുപിടിക്കുകയായിരുന്നു.

രാവിലെ ആറു മണിക്ക് പുറപ്പെട്ട ബസുകൾ രാത്രി പത്ത് മണിക്ക് ഒറ്റലക്ഷ്യത്തിന് വേണ്ടി മത്സരിക്കുകയായിരുന്നു . ടിക്കറ്റിന് പകരം ബക്കറ്റുമായാണ് കണ്ടക്ടർമാർ യാത്രക്കാരെ കണ്ടത്. എല്ലാവരും സഹകരിച്ചു. നൂറു മുതൽ 1000 രൂപ വരെ വീണു. എല്ലാ യാത്രക്കാരും മനസ്സ് നിറഞ്ഞ് സഹകരിച്ചു. ബസുകളിൽ പതിവ് പാട്ടിനു പകരം ജീവൻ രക്ഷിക്കണമെന്ന സന്ദേശമാണ് നൽകിയിരുന്നത്. കുട്ടികൾ ഉൾപ്പടെ സഹായം നൽകി.

അഖിൽ സ്വകാര്യ ബസ് ഡ്രൈവറായ അനിലിന്റെ മകനാണ്. അടിയന്തരമായി 26 ലക്ഷം രൂപ വേണം. സ്വന്തം വീടും പറമ്പും വിറ്റ തുക കൊണ്ടാണ് തിരുവനന്തപുരം ആർ..സി..സിയിൽ ചികിത്സ നടത്തുന്നത്. ശ്വാസകോശത്തിലെ കാൻസർ ബാധയ്ക്ക് ഒരു മാസം രണ്ടര ലക്ഷം രൂപയുടെ മരുന്ന് വേണം.. വേങ്ങാട് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് ഒരു തുക പിരിച്ചെടുത്തുവെങ്കിലും അതൊന്നും തികഞ്ഞില്ല. ഇത് തിരിച്ചറിഞ്ഞാണ് ബസുടമകളുടെയും തൊഴിലാളികളുടെയും കൂട്ടായ്മ കാരുണ്യ ദൗത്യം ഏറ്റെടുത്തത്. ബസുടമകൾ ലാഭം ഒഴിവാക്കിയപ്പോൾ, തൊഴിലാളികൾ കൂലിയും ഒഴിവാക്കി. അഖിലിന്റെ ജീവൻ രക്ഷിക്കണമെന്ന ചിന്ത അവരെ അങ്ങനെ ഒരുമിപ്പിക്കുകയായിരുന്നു.

കാരുണ്യ യാത്രയ്ക്ക് കൂത്തുപറമ്പ് സി. ഐ ആസാദ് ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റേഷനിലെ പൊലീസുകാരും സഹായവുമായി മുന്നോട്ട് വന്നിരുന്നു.

ടി. രാധാകൃഷ്ണൻ

ബസ്സുടമ

ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നപ്പോൾ എല്ലാവരും സഹകരിച്ചു. അതു തന്നെയാണ് വലിയൊരു കാര്യം. ഒരു റൂട്ടിൽ എല്ലാ ബസ്സുകളും ഇങ്ങനെ യാത്ര നടത്തുന്നത് ഒരു പക്ഷെ സംസ്ഥാനത്ത് തന്നെ ആദ്യ സംഭവമായിരിക്കും.