കണ്ണൂർ: പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച് ജനവരി 16ന് കണ്ണൂരിൽ നടത്തിയ നിയമസഭാസമിതി സിറ്റിംഗ് പ്രഹസനമാക്കിയതായി പിന്നോക്ക സമുദായ സംഘടനാ നേതാക്കൾ. സിറ്റിംഗുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് പോലും നൽകാതെയാണ് ചിറ്റയം ഗോപകുമാർ എം.എൽ.എ ചെയർമാനായിട്ടുള്ള നിയമസഭാസമിതി സിറ്റിംഗ് നടത്തിയത്.
പരാതി നൽകിയവരെ വിവരം അറിയിച്ചിരുന്നുവെന്നും അവർ സിറ്റിംഗിൽ പങ്കെടുത്തുവെന്നുമാണ് കളക്ട്രേറ്റിൽ നിന്നും ലഭിച്ച വിവരം. നിയമസഭാ സമിതി അംഗം കെ. ഡി. പ്രസേനൻ എം.എൽ.എ ഉൾപ്പടെ പങ്കെടുത്ത സിറ്റിംഗ് നടന്ന കാര്യം പിറ്റേദിവസമാണ് തങ്ങൾ അറിഞ്ഞതെന്നും സംഘടനാനേതാക്കൾ ആരോപിച്ചു.
2018 ഡിസംബർ 27ന് വച്ച നിയമസഭാസമിതി സിറ്റിംഗും പരാതിയ്ക്കിടയാക്കിയിരുന്നു. അറിയിപ്പ് ലഭിച്ചതിനെതുടർന്ന് വിവിധ പിന്നോക്കസംഘടനകളിൽ പെട്ട ധാരാളം പേർ എത്തിയെങ്കിലും രാവിലെ 10.30 നാണ് സിറ്റിംഗ് മാറ്റിവച്ച വിവരമാണ് ലഭിച്ചത്. വയനാട് മുതൽ പയ്യന്നൂർ വരെയുള്ള ഭാഗങ്ങളിൽ നിന്നും എത്തിയവർ അന്ന് കടുത്ത പ്രതിഷേധമുയർത്തിയതാണ്. തുടർച്ചയായ ഇത്തരം നടപടികൾക്കെതിരെ സംഘടനകൾ സ്പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും പരാതി നൽകി. യോഗത്തിൽ കേരള മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുധാകരൻ (കേരള ഗണക കണിശ സഭ), കെ. ദുർഗ്ഗാദാസ് (അഖില കേരള ധീവര സഭ), സത്യൻ പൂച്ചക്കാട് ( വാണിയ സമുദായ സമിതി ), ഉമേഷ് ബാബു അഴീക്കോട് (യോഗി സർവ്വീസ് സൊസൈറ്റി ), സന്തോഷ് തെക്കേടത്ത് (കേരള വണിക വൈശ്യസംഘം ), പി.വി. നരേന്ദ്രൻ (സാമൂഹ്യ സമത്വമുന്നണി ), ടി.പി.മോഹൻദാസ് (പതിനൊന്നൂര് കവര നായ്ക്കർ സമുദായ സംഘം), പി.രാമകൃഷ്ണൻ (കേരള വെളുത്തേടത്ത് നായർ സമാജം),ബി. വിജയരാഘവൻ (അഖില കേരള യാദവ സഭ) എന്നിവർ പ്രസംഗിച്ചു.