പട്ടുവം:വൻതോതിൽ അടിഞ്ഞുകൂടിയ മണൽ മൂലം അമാവാസിയോടടുക്കുന്ന വേലിയിറക്ക സമയത്ത് പട്ടുവം പുഴ ഏതാണ്ട് വറ്റിയ അവസ്ഥയിൽ. കുപ്പം മുതൽ പട്ടുവം വരെ ഏതാണ്ട് ഏഴ് കിലോമീറ്റർ നീളത്തിലാണ് വൻതോതിൽ മണൽ നിക്ഷേപമുള്ളത്.
പാറമ്മൽ,കുറ്റിക്കോട്ട, പെരുങ്ങീൽ , പട്ടുവം തുടങ്ങിയ ഇടങ്ങളിലൊക്കെ പുഴയിൽ വൻതോതിൽ മണൽ അടിഞ്ഞുകിടക്കുകയാണ്. വേലിയിറക്കസമയത്താണ് ഇത് വ്യക്തമാകുന്നത്.
മുൻകാലങ്ങളിൽ വൻതോതിൽ മണൽവാരിയിരുന്ന പുഴയിൽ ഇതിന് നിരോധനം വന്നതാണ് ആഴം ചുരുങ്ങാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയാണ് ഇത്രയും മണൽ അടിഞ്ഞതിന് പിന്നിലെന്ന് പറയപ്പെടുന്നു. പട്ടുവത്തിന്റെ ഭൂരിഭാഗവും കൈപ്പാട് നിലവും കരനിലവുമാണ്. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിൽ കടുത്ത ദുരിതം അനുഭവപ്പെട്ടപ്രദേശമാണ് പട്ടുവം.ഈ അവസ്ഥയിൽ വൻതോതിൽ മണൽ അടിഞ്ഞ് പുഴ നികന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ കാലവർഷത്തിൽ വീണ്ടും കെടുതി രൂക്ഷമാകുമെന്ന് നാട്ടുകാർ ഭയക്കുന്നു.