തൃക്കരിപ്പൂർ: എടാട്ടുമ്മലിലെ അങ്കണവാടി വർക്കർ കൊടുത്ത വ്യാജ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് എടുത്ത കേസ് രാഷ്‌ട്രീയ പ്രേരിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന്‌ കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രാഥമികമായ ഒരന്വേഷണവും നടത്താതെ കേസെടുത്ത ചന്തേര പൊലീസ് നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും നേതാക്കൾ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ പ്രവർത്തകനും തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ പി. കുഞ്ഞിക്കണ്ണൻ തന്റെ വീട്ടിലെ മക്കളുടെ ഭാര്യമാരായ ഗർഭിണികൾക്ക് യഥാസമയം നൽകേണ്ട ആനുകൂല്യങ്ങളും ചികിത്സാ നിർദേശവും ലഭിക്കാത്തതിന്റെ കാര്യം പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി വീട്ടിലെത്തിയ അങ്കണവാടി വർക്കറായ പത്മിനിയോട് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതിനാണ് രാഷ്ട്രീയ പ്രേരിതമായി പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിച്ചത്. അതേസമയം പി. കുഞ്ഞിക്കണ്ണന്റെ ഭാര്യയുടെ കഴുത്തുപിടിച്ചു ചുമരിൽ അങ്കണവാടി വർക്കർ ഇടിച്ചതായും ഇവർ ആരോപിച്ചു. ഇതിനെതിരെ കേസ് നൽകിയിട്ടുണ്ട്.

ജോലി ചെയ്യാതെ മുങ്ങിനടന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇവർ അങ്കണവാടിയുടെ പേരിൽ സാമ്പത്തിക അഴിമതി നടത്തിയതായും നേതാക്കൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് കെ.വി. മുകുന്ദൻ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പി.വി. കണ്ണൻ, ടി. ധനഞ്ജയൻ, എം. രജീഷ് ബാബു എന്നിവർ പങ്കെടുത്തു.