കൂത്തുപറമ്പ്: ഭക്ഷ്യവിഷബാധയെ തുടർന്ന് വട്ടിപ്രം യു.പി.സ്കൂളിലെ 14 കുട്ടികൾ കൂടി ഇന്നലെ ചികിത്സ തേടി. കഴിഞ്ഞ ദിവസം 30 കുട്ടികൾ ചികിത്സ തേടിയതിന് പിന്നാലെയാണിത്. ഇന്നലെ സ്ക്കൂളിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെയാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയരാക്കിയത്. കലശലായ വയറുവേദനയും, ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ അദ്ധ്യാപകർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അദ്ധ്യാപകൻ സുകിനും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് വട്ടിപ്രം യു.പി.സ്ക്കൂളിൽ ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർത്ഥികളെയും, അദ്ധ്യാപികയേയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയരാക്കിയത്. രണ്ടു ദിവസങ്ങളിലായി 44 കുട്ടികൾ ചികിത്സയിലായതോടെ കുട്ടികളിലും,രക്ഷിതാക്കളിലും ആശങ്ക ഉയർന്നിരിക്കയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും, ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.