രാജപുരം: പ്രതികൂല സാഹചര്യങ്ങൾ മൂലം പഠനം മുടങ്ങിയ സഹോദരങ്ങൾക്ക് തുടർപഠനത്തിന് സഹായവുമായി ജനമൈത്രി പൊലീസ്. രാജപുരം കോളിച്ചാലിലെ ഷിബിനയുടെ മക്കളായ രമേശനും ശ്രീജിത്തിനും തുടർപഠനം നടത്താനാണ് സഹായ ഹസ്തവുമായി രാജപുരം പൊലീസ് രംഗത്തുവന്നത്. ഭർത്താവിന്റെ സംരക്ഷണം ഇല്ലാത്തതിനാൽ ഷിബിന കൂലിവേല ചെയ്താണ് രണ്ട് കുട്ടികളെയും പോറ്റുന്നത്. എന്നാൽ ദാരിദ്ര്യം കാരണം രമേശനും ശ്രീജിത്തും പഠനം നിർത്തുകയായിരുന്നു.

കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ ജനമൈത്രി പൊലീസ് ഇടപെട്ട് ശ്രീജിത്തിനെ പ്രാന്തർകാവ് സ്‌കൂളിലും രമേശനെ ബളാന്തോട് സ്‌കൂളിലും ചേർക്കുകയായിരുന്നു. രമേശൻ ഒമ്പതിലും ശ്രീജിത്ത് അഞ്ചിലുമാണ് ഇപ്പോൾ പഠിക്കുന്നത്. സി.ഐ ബാബു പെരിങ്ങേത്തിന്റെ നിർദ്ദേശ പ്രകാരം രാജപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, ടോണി എന്നിവരാണ് കുട്ടികളെ വീണ്ടും സ്‌കൂളിൽ ചേർക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.