കൊട്ടിയൂർ:ബാവലിപ്പുഴയിൽ നിന്നെടുത്ത മണൽ പൂർണ്ണമായും പുഴയിൽത്തന്നെ നിക്ഷേപിക്കാൻ തീരുമാനമായി. ഇന്നലെ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇനി മുതൽ തുടരുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ രണ്ട് ഓവർസീയർമാർ കൊട്ടിയൂർ പഞ്ചായത്തിൽ മേൽനോട്ടം വഹിക്കും.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിൽ ഇറിഗേഷൻ എ ഇ പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി സത്യൻ, ഡി വൈ എഫ് ഐ നേതാവ് ജോയൽ ജോബ്, രമേഷ്, ഷിബിൻ, പോൾ കണ്ണന്താനം എന്നിവർ പങ്കെടുത്തു.മിർ മുഹമ്മദലി കളക്ടറായിരുന്ന സമയത്ത് അനുവദിച്ച ദുരന്തനിവാരണ ഫണ്ടുപയോഗിച്ചാണ് ബാവലിപ്പുഴ പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി നടത്തുന്നത്.
പ്രളയത്തിൽ ഗതിമാറിയൊഴുകിയ ബാവലിപ്പുഴ പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തിയുടെ മറവിൽ ടെൻഡറെടുത്ത വ്യക്തി പുഴയിലെ മണൽ കടത്തിയതായി ആരോപിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ബാവലിപ്പുഴയിൽ കൊടിനാട്ടുകയും പ്രവൃത്തി തടയുകയും ചെയ്തിരുന്നു.
വിവരം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പുഴയിൽ നിന്നും മണൽ വാരാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്നും മണൽ കടത്തിയെങ്കിൽ നപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ നടന്ന ചർച്ച.